Friday, October 14, 2011

കവിത: പ്രണയരേഖകള്‍

 പീതന്‍ കെ വയനാട്‌

എവിടെയാണുനീയെന്‍സിരാപടലങ്ങളില്‍,
സ്നിഗ്ദ്ധാവേഗമായഗ്നി വര്ഷിച്ചകന്നവള്‍.
ഏദനിലറിവിന്റെയാദ്യപാപകനി,
ഹൃദയത്തിനൊപ്പമിറുത്തു പകുത്തവള്‍.
ഏതു വന്‍കരയിലിപ്പോള്‍ നിനക്കിടം,
ഏഴുകടല്‍ദൂരമുണ്ടോ നമുക്കിടയില്‍?
എത്രരാപ്പകലേകാകിയായി ഞാന്‍
തീര്‍ത്തു തീരാത്തതീക്കടല്‍ യാത്രകള്‍!
പ്രണയരേഖകള്‍ വിരല്‍ മുറിച്ചെഴുതിഞാന്‍
കരളിലിപ്പൊഴും സൂക്ഷിച്ചിരിക്കയാ-
ണരികില്‍ വന്നു വിളിക്കും പരിചിത
സ്വരമൊരുവേളകാതോര്‍ത്തു പിന്നെയും.
പണ്ടു നാംകണ്ട സ്വപ്നങ്ങളത്രയും
ഉച്ച വെയിലേറ്റു വാടികരിഞ്ഞുപോയ്‌
പണ്ടു നാം നട്ടതൈമരം, പടര്‍ന്നു
പന്തലിച്ചന്തിവെയിലില്‍കുളിക്കുന്നു.
മോഹമുണ്ടുള്ളില്‍ മുമ്പുനാം പാര്‍ത്ത,
മുന്തിരിത്തോപ്പിലൊന്നിച്ചുലാത്തുവാന്
കാണുവാന്വിട്ടുപോയ കന്യാകുമാരികടല്‍,
ഏറ്റുവാങ്ങീട്ടുമര്‍ക്കനെ കാണുവാന്‍.
അക്ഷരതെറ്റിലാണ്ട പ്രണയാക്ഷരി
തെറ്റുകൂടാതെ വായിച്ചെടുത്തു ഞാന്‍,
ആരുമറിയാതെ മൂളി നടന്നിരു-
ന്നൂരുതെണ്ടി തളര്‍ന്നേറെവീഥികള്‍.
വെന്തപാടങ്ങള്‍ ചിക്കിചികഞ്ഞുപോയ്‌
വ്യര്‍ത്ഥമെന്നോതിയമ്മക്കൊഴി, മക്കളും
സന്ധ്യയാകുവാന്‍; സാന്ദ്രഘനശ്യാമ
വര്‍ണ്ണമെങ്ങും പരക്കുവാന്‍നേരമായ്‌,
എവിടെയാണുനീയെന്നറിവീലിപ്പോള്‍
വെറുതേയെങ്കിലുമറിയുവാനാഗ്രഹം
സഫലമോ നിന്‍റെ യാത്രയില്‍ സൗവ്വര്‍ണ്ണ,
ലിപികളാലെഴുതി വച്ചുവോജീവിതം!

കവിത: കുറച്ചു വലുതായിരിക്കട്ടെ വീട്

 പീതന്‍ കെ വയനാട്‌

കുറച്ചു വലുതായിരിക്കട്ടെ വീട്,
നാട്ടുകാരുടെ മുമ്പില്‍
തലയുയര്‍ത്തി നടക്കേണ്ടേ നമുക്കും!
കുട്ടികള്‍ പറഞ്ഞത്‌
അവരുടെ അമ്മയും ആവര്‍ത്തിച്ചു.

ആഞ്ഞിലി വെട്ടിയിട്ടു.
അനന്തനാശാരികുറ്റിവച്ചു;
അടുക്കളയിപ്പോള്‍
വീടുകള്‍ക്ക് രണ്ടാണ്.
ഒരു നിലയിലൊതുങ്ങില്ല;
രണ്ടാം നിലയില്‍
കിടപ്പറകള്‍ രണ്ട്.

കിട്ടന്‍ മേസ്ത്രിരിയാണ്
കെട്ടിടം പണിയില്‍ കേമന്‍.

മണലിനിപ്പോള്‍
മധുരത്തേക്കാള്‍ പ്രിയം.
മരം തികയില്ല,
പാറമടയില്‍ സമരം?

കി ട്ടേട്ടന് പണിതിരക്കാണ്.
വേറെയും പണിപിടിച്ചിച്ചുണ്ട്
പിണക്കാനാവില്ല!

കുറച്ചു വലുതായിരിക്കട്ടെ വീട്
കൂട്ടുകാരുടെയിടയില്‍
എനിക്കും പറഞ്ഞു നില്‍ക്കണമല്ലോ
എന്‍ജിനീയര്‍
എസ്റ്റിമേറ്റ്‌ തന്നു
എത്രയും വേഗം വയ്പനല്‍കാമെന്ന്‌
ബാങ്ക് മാനേജര്‍ പറഞ്ഞു.

എല്ലാം ചിലവായി
മാലയും വളയുംപണയംവച്ചു
ഒരു മഴക്കാലം  മുഴുവന്‍നനഞ്ഞു.

കുറച്ചു വലുതായിരിക്കട്ടെ വീട്
കുട്ടികള്‍ക്ക് സന്തോഷമായി
അവരുടെ അമ്മയ്ക്ക്
അഭിമാനമായി.

ആധിയിപ്പോള്‍
എനിക്കുമാത്രം
കുറച്ചു വലുതായിപ്പോയില്ലേ
വീട്?

Friday, October 7, 2011

കവിത: വിളിക്കാറുണ്ടെന്നെയാരോ

പീതന്‍ കെ വയനാട്‌
       
വിളിക്കാറുണ്ടെന്നെയാരോ
വെളിച്ചംവെള്ളിമേഘങ്ങളില്‍
സ്വര്‍ണ വര്‍ണ്ണം പകരു-
മുഷ: സന്ധ്യയെത്തുമ്പോള്‍,
പുഴ പൂഴിയില്‍ തഴുകി
യൊഴുകുമനന്യ സായൂജ്യ-
മാസ്വദി  ചൊട്ടു കനവുകളില്‍
മുഴുകി നില്ക്കുമ്പോള്‍,
ഇരുള്‍ പരക്കെ തെളിക്കും
നിറദീപങ്ങള്‍ വിട്ടാന്ധ്യ-
മഷ്ടദിക്കും പുല്‍കി
പൂര്‍ണ രാവുനിറയുമ്പോള്‍.
വിളിക്കാറുണ്ടെന്നെയാരോ
വിഷാദ നേരങ്ങളില്‍ വ്യഥ
പെയ്തിറങ്ങും മൗനവാത്മീക-
മെങ്ങുമുയര്‍ന്നു മൂടുമ്പോള്‍,
വനഗര്‍ഭത്തിലമ്പും വില്ലുമായ്
വേട്ടനായ്ക്കൊപ്പം
കുതികൊള്ളും കുപിത
ഗര്‍വ്വങ്ങളുള്ളുനീറ്റുമ്പോള്‍
വിളിക്കാറുണ്ടെന്നെയാരോ
വഴി വിട്ടേറും വ്യാമോഹങ്ങള്‍
വര്‍ണ ഗോപുരം ചൂണ്ടി
ചൂടേകും കാഴ്ചയ്ക്കു ക്ഷണിക്കെ,
കാണാ കാഴ്ചകള്‍ കാണു-
മന്തരംഗമപഥാന്തരങ്ങളി-
ലുന്മത്ത നൃത്തമാടുമ്പോള്
വിളിക്കാറുണ്ടെന്നെയാരോ
വിരല്‍ പൊള്ളി പെരുകും
നൊമ്പരമൂതിയാറ്റുമ്പോള്‍
നെഞ്ചില്‍ തീപടര്‍ന്നുള്ളില്‍
കരള്‍ ചില്ലയും കത്തിയക്ഷര
പക്ഷികള്‍ പറന്നുപോകുമ്പോ-
ളര്‍ത്ഥ വൃത്തങ്ങള്‍ തെറ്റി-
യാദ്യപാദങ്ങള്‍ പാതിയില്‍
നിന്നു പോകുമ്പോള്‍.
വിളിക്കാറുണ്ടെന്നെയാരോ.....
വശ്യമധുരം മധുമൊഴികളാല്‍,
അര്‍ക്കബിംബം മഞ്ഞുതുള്ളിയില്‍
പ്രതിബിംബിക്കുമ്പോള്‍,
പ്രണയം പ്രാണനില്‍
പകര്‍ന്നാകാശം നീര്‍ത്തടാകത്തി
ലിളകിയാടുമ്പോള്‍.
വിളിക്കാറുണ്ടെന്നെയാരോ
വിപ്ലവം പ്രതികൂട്ടില്‍
പഞ്ച പുഛമടക്കി
യമര്‍ഷം കടിച്ചിറക്കുമ്പോള്‍,
സാക്ഷി വഴിച്ചിലവിനാ-
യധികാര മുദ്രയിലൊപ്പിട്ടു
കൈ നീട്ടുമ്പോള്‍,
കാലില്‍ ചങ്ങലകിലുക്കി-
യങ്ങാടിതട്ടിലടിമകളായ്‌
ജനം വിറ്റുതീരുമ്പോള്‍,
വിളിക്കാറുണ്ടെന്നെയാരോ
വേദന വിങ്ങിപോട്ടും,
വേര്‍പാടിന്നകലം
അതി വിദൂരമാകുമ്പോള്‍......

Tuesday, October 4, 2011

കവിത: മനോയാനം

കവിത : പീതന്‍ കെ വയനാട്‌

മനോയാനം

നമ്മള്‍ രണ്ടാളുമെന്നോര്‍ത്തു ശയിക്ക -
യെന്നു സഖി മന്ത്രിക്കെയെന്‍ ,
മനോയാനമേതോ പരസ്ത്രീയി -         
ലാസക്തമെന്നവള്‍ നിനച്ചുവോ ?
തിടമ്പേറ്റിയ ഗജവീരനെപ്പോ -
ലുയര്‍ന്നൊരെന്‍  മസ്തക -
മറിയാതുലഞ്ഞു കുനിഞ്ഞു ,
കുച ചൂചുക മുറുഞ്ചി -
തളരുന്നതറിഞ്ഞു ഞാന്‍ !

കവിത :കാഴ്ച

പീതന്‍ കെ വയനാട്‌

യാത്രക്കിടയില്‍
ഞാന്‍ ചിലപ്പോള്‍
കണ്ണുകളടച്ച്  നിശബ്ദനായി 
ആദ്യ യാത്രകളുടെ  അകാംക്ഷകളാല്‍ 
കവ്തുകമുണര്‍ത്തിയ കാഴ്ചകളില്‍
മുഴുകിയിരിക്കും.
കണ്ണെത്താദൂരത്തോളം
കാളകൂറ്റനുഴുതുമറിച്ച    
പാടശേഖരങ്ങള്‍,
കാറ്റിലാടുന്ന നെല്‍ച്ചെടികള്‍
തിനക്കതിരുകള്‍ ,
ചോളതഴപ്പ് ,
പരുത്തിപൂക്കള്‍,
ഗോതമ്പ്  വര്‍ണ്ണം
കടുക് വസന്തം 
ഒക്കെ പിന്നിട്ട്  
ചുരമിറങ്ങുമ്പോള്‍
കുളിര്‍കാറ്റ്,
കുളിച്ചീറ൯  മുടി കോതുന്ന ഗ്രാമശ്രീകള്‍      
തുവര്‍ത്താനിട്ട തുണിത്തരങ്ങള്‍  
ചുറ്റു വേലികളില്ലാത്ത 
അയല്‍പ്പെരുമകള്‍ .
അകാംക്ഷകള്‍ക്കിപ്പോള്‍ 
കാഴ്ചപ്പുറങ്ങള്‍ മാറിയിരിക്കുന്നു
ഇരു പുറവും ബഹുനില മാളികകള്‍ 
ഇടിച്ചു നികത്തിയ കുളപ്പഴമകള്‍   
ഇട തിരിച്ച മതില്‍കെട്ടുകള്‍
തുള്ളി പോലും വെള്ളം താഴാത്ത
തിരു മുറ്റങ്ങള്‍ 
ഇനിയും കാഴ്ച.........