Friday, October 7, 2011

കവിത: വിളിക്കാറുണ്ടെന്നെയാരോ

പീതന്‍ കെ വയനാട്‌
       
വിളിക്കാറുണ്ടെന്നെയാരോ
വെളിച്ചംവെള്ളിമേഘങ്ങളില്‍
സ്വര്‍ണ വര്‍ണ്ണം പകരു-
മുഷ: സന്ധ്യയെത്തുമ്പോള്‍,
പുഴ പൂഴിയില്‍ തഴുകി
യൊഴുകുമനന്യ സായൂജ്യ-
മാസ്വദി  ചൊട്ടു കനവുകളില്‍
മുഴുകി നില്ക്കുമ്പോള്‍,
ഇരുള്‍ പരക്കെ തെളിക്കും
നിറദീപങ്ങള്‍ വിട്ടാന്ധ്യ-
മഷ്ടദിക്കും പുല്‍കി
പൂര്‍ണ രാവുനിറയുമ്പോള്‍.
വിളിക്കാറുണ്ടെന്നെയാരോ
വിഷാദ നേരങ്ങളില്‍ വ്യഥ
പെയ്തിറങ്ങും മൗനവാത്മീക-
മെങ്ങുമുയര്‍ന്നു മൂടുമ്പോള്‍,
വനഗര്‍ഭത്തിലമ്പും വില്ലുമായ്
വേട്ടനായ്ക്കൊപ്പം
കുതികൊള്ളും കുപിത
ഗര്‍വ്വങ്ങളുള്ളുനീറ്റുമ്പോള്‍
വിളിക്കാറുണ്ടെന്നെയാരോ
വഴി വിട്ടേറും വ്യാമോഹങ്ങള്‍
വര്‍ണ ഗോപുരം ചൂണ്ടി
ചൂടേകും കാഴ്ചയ്ക്കു ക്ഷണിക്കെ,
കാണാ കാഴ്ചകള്‍ കാണു-
മന്തരംഗമപഥാന്തരങ്ങളി-
ലുന്മത്ത നൃത്തമാടുമ്പോള്
വിളിക്കാറുണ്ടെന്നെയാരോ
വിരല്‍ പൊള്ളി പെരുകും
നൊമ്പരമൂതിയാറ്റുമ്പോള്‍
നെഞ്ചില്‍ തീപടര്‍ന്നുള്ളില്‍
കരള്‍ ചില്ലയും കത്തിയക്ഷര
പക്ഷികള്‍ പറന്നുപോകുമ്പോ-
ളര്‍ത്ഥ വൃത്തങ്ങള്‍ തെറ്റി-
യാദ്യപാദങ്ങള്‍ പാതിയില്‍
നിന്നു പോകുമ്പോള്‍.
വിളിക്കാറുണ്ടെന്നെയാരോ.....
വശ്യമധുരം മധുമൊഴികളാല്‍,
അര്‍ക്കബിംബം മഞ്ഞുതുള്ളിയില്‍
പ്രതിബിംബിക്കുമ്പോള്‍,
പ്രണയം പ്രാണനില്‍
പകര്‍ന്നാകാശം നീര്‍ത്തടാകത്തി
ലിളകിയാടുമ്പോള്‍.
വിളിക്കാറുണ്ടെന്നെയാരോ
വിപ്ലവം പ്രതികൂട്ടില്‍
പഞ്ച പുഛമടക്കി
യമര്‍ഷം കടിച്ചിറക്കുമ്പോള്‍,
സാക്ഷി വഴിച്ചിലവിനാ-
യധികാര മുദ്രയിലൊപ്പിട്ടു
കൈ നീട്ടുമ്പോള്‍,
കാലില്‍ ചങ്ങലകിലുക്കി-
യങ്ങാടിതട്ടിലടിമകളായ്‌
ജനം വിറ്റുതീരുമ്പോള്‍,
വിളിക്കാറുണ്ടെന്നെയാരോ
വേദന വിങ്ങിപോട്ടും,
വേര്‍പാടിന്നകലം
അതി വിദൂരമാകുമ്പോള്‍......

No comments:

Post a Comment