Friday, October 14, 2011

കവിത: പ്രണയരേഖകള്‍

 പീതന്‍ കെ വയനാട്‌

എവിടെയാണുനീയെന്‍സിരാപടലങ്ങളില്‍,
സ്നിഗ്ദ്ധാവേഗമായഗ്നി വര്ഷിച്ചകന്നവള്‍.
ഏദനിലറിവിന്റെയാദ്യപാപകനി,
ഹൃദയത്തിനൊപ്പമിറുത്തു പകുത്തവള്‍.
ഏതു വന്‍കരയിലിപ്പോള്‍ നിനക്കിടം,
ഏഴുകടല്‍ദൂരമുണ്ടോ നമുക്കിടയില്‍?
എത്രരാപ്പകലേകാകിയായി ഞാന്‍
തീര്‍ത്തു തീരാത്തതീക്കടല്‍ യാത്രകള്‍!
പ്രണയരേഖകള്‍ വിരല്‍ മുറിച്ചെഴുതിഞാന്‍
കരളിലിപ്പൊഴും സൂക്ഷിച്ചിരിക്കയാ-
ണരികില്‍ വന്നു വിളിക്കും പരിചിത
സ്വരമൊരുവേളകാതോര്‍ത്തു പിന്നെയും.
പണ്ടു നാംകണ്ട സ്വപ്നങ്ങളത്രയും
ഉച്ച വെയിലേറ്റു വാടികരിഞ്ഞുപോയ്‌
പണ്ടു നാം നട്ടതൈമരം, പടര്‍ന്നു
പന്തലിച്ചന്തിവെയിലില്‍കുളിക്കുന്നു.
മോഹമുണ്ടുള്ളില്‍ മുമ്പുനാം പാര്‍ത്ത,
മുന്തിരിത്തോപ്പിലൊന്നിച്ചുലാത്തുവാന്
കാണുവാന്വിട്ടുപോയ കന്യാകുമാരികടല്‍,
ഏറ്റുവാങ്ങീട്ടുമര്‍ക്കനെ കാണുവാന്‍.
അക്ഷരതെറ്റിലാണ്ട പ്രണയാക്ഷരി
തെറ്റുകൂടാതെ വായിച്ചെടുത്തു ഞാന്‍,
ആരുമറിയാതെ മൂളി നടന്നിരു-
ന്നൂരുതെണ്ടി തളര്‍ന്നേറെവീഥികള്‍.
വെന്തപാടങ്ങള്‍ ചിക്കിചികഞ്ഞുപോയ്‌
വ്യര്‍ത്ഥമെന്നോതിയമ്മക്കൊഴി, മക്കളും
സന്ധ്യയാകുവാന്‍; സാന്ദ്രഘനശ്യാമ
വര്‍ണ്ണമെങ്ങും പരക്കുവാന്‍നേരമായ്‌,
എവിടെയാണുനീയെന്നറിവീലിപ്പോള്‍
വെറുതേയെങ്കിലുമറിയുവാനാഗ്രഹം
സഫലമോ നിന്‍റെ യാത്രയില്‍ സൗവ്വര്‍ണ്ണ,
ലിപികളാലെഴുതി വച്ചുവോജീവിതം!

1 comment: