Thursday, November 3, 2011

കവിത : കുരിശിലെ പ്രാര്‍ത്ഥന


 പീതന്‍ കെ വയനാട്‌

പറയുവാനുണ്ടേറെ
യെന്‍പിതാവേനിന്നോടിനി
പരിഭവമല്ലെന്‍റെ-
യനുഭവമത്രയുമറിയുവോന്‍
നീയെന്നിരിക്കിലും,
കേള്‍ക്കയെന്നാവില
ഹൃത്തിന്‍ സുമന്ത്രണം.

സുനിശ്ചിതമിപ്പൊഴീ
ക്രൂശിതനാണിമേല്‍ തൂങ്ങി
യച്ഛനെയോര്‍ക്കവേ-
യൊരുമുറിവുകൂടിയവര്‍      
തീര്‍ത്തതും; പാപ
രഹിതരായ്നിന്‍ജനം
വാഴുവാന്‍ തന്നെയാം.
പുല്‍ക്കൊടിതുമ്പുകള്‍ നമിക്കുന്നു
പ്രാഹ്നം ജ്വലിക്കുന്നു
പുരായാഗശാലകള്‍താണ്ടി-
യെത്തുന്നകാറ്റിലെ-
ന്നാത്മബലിയ്ക്കേറുമനാദി
ധൂമങ്ങള്‍ നിറയുന്നു.
കഴിയുമെങ്കിലീപാനപാത്ര-
മെന്നില്‍നിന്നെടുക്കുകെ-
ന്നെത്രവട്ടംകേണപേക്ഷിച്ചുഞാ-
നെങ്കിലും, നിന്‍ഹിതമറിഞ്ഞു
ഞാനേറ്റതീപീഡനം!

പ്രാര്‍ത്ഥനാനാളങ്ങ-
ളെപ്പൊഴുമെരിഞ്ഞെന്നി-
ലര്‍പ്പിതസൂക്തങ്ങ-
ളൊപ്പംമൊഴിഞ്ഞുഞാന്‍
ഒന്നുമേ കണ്ടില്ല;
കേട്ടില്ലൊരിക്കലും    
നീ നിന്‍റെപുത്രനെ
*പൂര്‍ണ്ണംത്യജിച്ചുവോ? 
ഗത്ശേമനതോട്ട
മദ്ധ്യത്തിലന്ത്യമെന്‍
കൂട്ടരോടോപ്പമുന്നിദ്ര
മൊത്തു പ്രാര്‍ത്ഥിക്കുവാന്‍,
ചൊന്നുവിനാഴിക-
യേറുന്നതിന്‍മുന്നേ-
യന്യരെപ്പോലവര്‍
വീണുറങ്ങുന്നതും,
പന്ത്രണ്ടുശിഷ്യരില്‍
പ്രിയനാംയൂദയെന്‍
പ്രാണന്‍റെ വിലവാങ്ങി
മുത്തിപ്പിരിഞ്ഞതും
തളളിപ്പറഞ്ഞു പത്രോസു
തന്‍മുഖംരക്ഷിപ്പതിനു
ശ്രമിച്ചുനീങ്ങുന്നതുംകാണ്‍കെ-
യര്‍ഥമാകേണമീ ജീവിത-
മെന്നു വിലപിച്ചുനഗ്നപാദം
നിന്നിലേക്കുനടന്നുഞാന്‍.

വിചാരണയ്ക്കിടെ
ചോദ്യശരങ്ങളെന്നാകുല
ചിത്തത്തിലാഴ്ന്നിറങ്ങുമ്പൊഴും
ആരോഗ്യമുള്ളവര്‍ക്കല്ലവേണ്ടൂ
വൈദ്യമാതുരര്‍ക്കാണെ-
ന്നൊരുള്‍ബോധമെന്നില്‍
നിറഞ്ഞൂനിരന്തരം!

നിന്ദിതര്‍ക്കുംപീഡിതര്‍ക്കും
നിമിത്തമായ്‌നിന്നെധ്യാനിച്ചുഞാന്‍
നീട്ടിയോരുണ്മകള്‍,        
വാണിഭക്കാരെയുച്ചാടനംചെയ്തു
വൈദികമേധാവികള്‍ക്കുനേരെ
വിരല്‍ചൂണ്ടിയധിക്കാരം,
ദൈവപുത്രന്‍ക്രിസ്തു
ഞാന്‍തന്നെയെന്നുമൊഴി-
ഞ്ഞൊരെന്നാര്‍ജ്ജവമൊക്കെയും
തെറ്റുകളായെന്നി-
ലാരോപിച്ചു കൂടിയോര്‍,
മൃത്യുദണ്ഡനം മാത്രമിവനു
വിധിയെന്നു നിര്‍ദേശിക്കെ
നിര്‍ദയമോരോമിഴിയും
പതിഞ്ഞെന്നിലാരവാരങ്ങള്‍
മുഴങ്ങിപൂര്‍വാധികം.

നീയറിഞ്ഞുടയാട
കീറിയാക്രോശിച്ചു
മുഖ്യ പുരോഹിതനെന്‍റെമേല്‍
കുറ്റംവിധിച്ചതും,
സാക്ഷ്യങ്ങളെന്തിനുവേറിനി-   
യര്‍ഹനാണിവന്‍ ശിക്ഷ-
യേല്‍ക്കുവാനെന്നുശഠിച്ചതും
ക്രൂശിക്കുവാന്‍ കല്‍പിച്ചു
ക്രൂര വിധിയില്‍തപിച്ചൊരാള്‍
കൈകഴുകുന്നതും
കൈയ്‌പുനീരൂറ്റികുടിപ്പിച്ചു                       
കൈകെട്ടിയര്‍ത്ഥശാസ്ത്രങ്ങള്‍ക്കു    
മുന്നില്‍നിര്‍ത്തിച്ചതും
കല്പനയൊക്കെയനുസരിപ്പിക്കുവാ-
നംഗവസ്ത്രങ്ങളഴിപ്പിച്ചു
ചോപ്പുടുപ്പിച്ചതും.
കഷ്ടം! ഇയാള്‍ക്കീകിരീട-
മേറെയോജിക്കുമെന്നാര്‍ത്തു
മുള്‍മുടിവച്ചതും
മൂന്നാളെടുത്തു
വിഷമിച്ചൊരീകുരിശ്ശെന്‍റെ
തോളിലേറ്റിച്ചതും
എല്ലാമറിഞ്ഞുനീ;
എല്ലാമറിഞ്ഞുനീയെന്‍പിതാവേ,                     
കാല്‍വരിപ്പാതയില്‍  
കാലില്‍തടഞ്ഞകല്ലിനോടും
മുള്ളിനോടുംപറഞ്ഞുഞാന്‍ 
എല്ലാമറിഞ്ഞൊരാ-  
ളുണ്ടുമോളില്‍മൂക-
മെണ്ണിയിരിക്കുന്നവസാന
വിധിയുണ്ടുനിശ്ചയം!

ദാഹംകെടുത്തുവാന്‍
ചുണ്ടില്‍പകര്‍ന്നൊരീ-
യമ്ലലായനിയില്‍
സമാശ്വസിക്കട്ടെഞാന്‍
സത്യമൊരാവര്‍ത്തി
ദീര്‍ഘ നിശ്വാസമായ്‌,
സര്‍വ്വര്‍ക്കുമിപ്പോള്‍
പകുക്കുന്നുഞാനിതാ!

* ഏലീ–ഏലീ ലമ്മാ സബക്താനി

No comments:

Post a Comment