Wednesday, November 16, 2011

കവിത : പരിധിക്കു പുറത്ത്

പീതന്‍ കെ വയനാട്
ഒന്നു ഞാന് വിളിക്കുമ്പോളുച്ചവെയി-
ലേറ്റുവാടിയ മുഖം തുടച്ചാവാ-
മെത്രവേഗമവളെത്തുന്നു- ചോദ്യം 
ഏറെ നേരമായോ വിളിക്കുന്നു ?
എരി പൊരി  വെയിലാണമ്മിണിപ്പൈ
പുറത്തായിരുന്നവളെയെരുത്തില്
കയറ്റുവാന് പോയിരുന്നെന്ന  ക്ഷമാപണം.
വാക്ക്  നാവില് കുടുങ്ങുന്നൂ .....
വഴക്കെത്ര ഞാന് പറഞ്ഞിട്ടുണ്ടവളെ -
യെന്നോര്ത്തുപോയ് ഞൊടി; നൊമ്പരം!
വര്ഷമേഘം മൂടി കെട്ടുന്നൂ വാനിരുളുന്നൂ
മഴയുണ്ടാമുച്ചയ്ക്കു  ശേഷം; തുലാവര്ഷം,
തുണി തുവരാനിട്ടിരിക്കുന്നതെടുക്കണം.
പറഞ്ഞോളൂ  കൂടുതല് കേള്ക്കാനേറെയു-
ണ്ടാശയെന്തൊക്കെയാണവിടെ വിശേഷങ്ങള്
ഊണു കഴിച്ചുവോ ?  എന്താണാവോ
കഴിച്ചതിവിടെ  ചോറും കറിയുമിരിക്കുന്നു,
ഞാന് കഴിച്ചില്ല വന്നാലൊന്നിച്ചു കഴിക്കാ -
മെന്നത്തേയും പോലൊരുമിച്ചിരു- 
ന്നോരോന്നു  പറഞ്ഞിടാം ; കുറ്റവും
കുറവും കേള്ക്കാനുണ്ടു  മോഹമെപ്പൊ-
ലാണാവോ വരിക; വരൂഞാന്
മടുത്തിരിക്കുന്നീ ദുരിതപ്പാടുകളൊറ്റക്കു
പേറി തളര്ന്നിരിക്കുന്നു; ശബ്ദം നിലച്ചു,
ഫോണ് പരിധിക്കു  പുറത്തായെന്നു
പുന :സന്ദേശം ! 

Monday, November 7, 2011

കവിത :ദ്വാരകാപുരിയിലെ ഓടക്കുഴല്‍

പുഷ്പവല്ലി













ഒരു സാന്ത്വന സ്പര്‍ശമായ്
തന്നു നീ എനിക്കൊരു മണിവേണു 
അതു കാണ്‍കെ  ഞാനോര്‍ക്കുന്നു 
നിന്‍ വേണു നാദം മണിവര്‍ണ്ണാ .....
പാടൂ നീ ആനന്ദ ധാരയായ് 
നിന്നാശ്വാസമന്ത്രങ്ങള്‍,
കേട്ടു ഞാന്‍ തളര്‍ന്നുറങ്ങീടട്ടെ 
നിന്‍ പാദാര വിന്ദങ്ങളില്‍
എനിക്കെന്തിഷ്ടമാണെന്നോ.....
നിന്‍റെ  കാല്‍ചിലമ്പൊച്ച,
ചുരുള്‍ മുടികെട്ടിലെ   മയില്‍പീലിതണ്ട്‌ ,
വശ്യ മധുരമാം ചുണ്ടിലെ പുഞ്ചിരി,
തേന്‍ പൊഴിയും ഓടക്കുഴല്‍ നാദം.
ഓര്‍ക്കുന്നു ഞാന്‍ നിന്‍റെ ബാലലീലകള്‍  
ദ്വാരകാ പുരിയില്‍ ഞാന്‍ വന്നു കണ്ടപ്പോള്‍
തന്നു നീ നിന്‍റെ പാച്ചോറെനിക്കായ്‌ ,
ആവോള  മാസ്വദിച്ചുണ്ടു ഞാന്‍ കണ്ണാ....
വാഗ്ദാനമായ്   പിന്നെയും തന്നു നീ
ആശ്വാസമായോരോടക്കുഴലും!
----------------------------------------------------------------      

Sunday, November 6, 2011

കഥ: ബദല്‍മാര്‍ഗ്ഗം

ഒരു മകന്‍ പിറന്നതോടെ
സന്താന നിയന്ത്രണ  മാര്‍ഗ്ഗം അയാള്‍ സ്വീകരിച്ചു .
 കൂടുതല്‍ മക്കളെ ആഗ്രഹിച്ച അയാളുടെ ഭാര്യ സങ്കടപ്പെട്ടു. പെട്രോളിന് വില യേറിയപ്പോള്‍ അയാള്‍  തന്‍റെ വാഹനം വിറ്റ്
യാത്രക്കായി  ബസ്‌ തിരഞ്ഞെടുത്തു.
സാമ്പത്തിക പ്രതിസന്ധി  മൂലം കമ്പനി അയാളുടെ ശമ്പളംവെട്ടിക്കുറച്ചതോടെ തീന്‍ വിഭവങ്ങളിലെ മെനുവില്‍ 
മാറ്റം വരുത്തി അയാള്‍ പ്രശ്നം  പരിഹരിച്ചു.
അയാളുടെ പടിപടിയായ പ്രവൃത്തിയില്‍
ഭാര്യയും മകനും പ്രതിക്ഷേധിച്ചുകൊണ്ടിരുന്നു.
അപ്രതീക്ഷിതമായി  വിദേശ മദ്യത്തിനു വിലയേറി.
മദ്യപാനി യായ  അയാള്‍ തന്‍റെ സങ്കടം  ഭാര്യയുമായി പങ്കിട്ടു. 
അവള്‍ അയാളെ നോക്കി പൊട്ടിച്ചിരിച്ചു.

''ചേട്ടന്‍ വിഷമിക്കുന്നത് എന്തിനാണ് ? 
അതിനും ഒരു മാര്‍ഗ്ഗം  തെളിയാതിരിക്കുകയില്ല''

അയാള്‍ മദ്യം അകത്താക്കി സന്തോഷത്തോടെ വീടണഞ്ഞു.
പൂട്ടിയ വീടിന്‍റെ വാതിലിന്‍റെ കൊളുത്തില്‍ അയാളെ എതിരേറ്റത്  ഒരു 
കത്തായിരുന്നു.
അയാള്‍ കത്ത് തുറന്നു  
''ഇനി ഞങ്ങളേയും വെട്ടി ക്കുറച്ചോളൂ! ''



                                                        അബ്ദുല്ലത്തീഫ്  നീലേശ്വരം:  

Thursday, November 3, 2011

കവിത : കുരിശിലെ പ്രാര്‍ത്ഥന


 പീതന്‍ കെ വയനാട്‌

പറയുവാനുണ്ടേറെ
യെന്‍പിതാവേനിന്നോടിനി
പരിഭവമല്ലെന്‍റെ-
യനുഭവമത്രയുമറിയുവോന്‍
നീയെന്നിരിക്കിലും,
കേള്‍ക്കയെന്നാവില
ഹൃത്തിന്‍ സുമന്ത്രണം.

സുനിശ്ചിതമിപ്പൊഴീ
ക്രൂശിതനാണിമേല്‍ തൂങ്ങി
യച്ഛനെയോര്‍ക്കവേ-
യൊരുമുറിവുകൂടിയവര്‍      
തീര്‍ത്തതും; പാപ
രഹിതരായ്നിന്‍ജനം
വാഴുവാന്‍ തന്നെയാം.
പുല്‍ക്കൊടിതുമ്പുകള്‍ നമിക്കുന്നു
പ്രാഹ്നം ജ്വലിക്കുന്നു
പുരായാഗശാലകള്‍താണ്ടി-
യെത്തുന്നകാറ്റിലെ-
ന്നാത്മബലിയ്ക്കേറുമനാദി
ധൂമങ്ങള്‍ നിറയുന്നു.
കഴിയുമെങ്കിലീപാനപാത്ര-
മെന്നില്‍നിന്നെടുക്കുകെ-
ന്നെത്രവട്ടംകേണപേക്ഷിച്ചുഞാ-
നെങ്കിലും, നിന്‍ഹിതമറിഞ്ഞു
ഞാനേറ്റതീപീഡനം!

പ്രാര്‍ത്ഥനാനാളങ്ങ-
ളെപ്പൊഴുമെരിഞ്ഞെന്നി-
ലര്‍പ്പിതസൂക്തങ്ങ-
ളൊപ്പംമൊഴിഞ്ഞുഞാന്‍
ഒന്നുമേ കണ്ടില്ല;
കേട്ടില്ലൊരിക്കലും    
നീ നിന്‍റെപുത്രനെ
*പൂര്‍ണ്ണംത്യജിച്ചുവോ? 
ഗത്ശേമനതോട്ട
മദ്ധ്യത്തിലന്ത്യമെന്‍
കൂട്ടരോടോപ്പമുന്നിദ്ര
മൊത്തു പ്രാര്‍ത്ഥിക്കുവാന്‍,
ചൊന്നുവിനാഴിക-
യേറുന്നതിന്‍മുന്നേ-
യന്യരെപ്പോലവര്‍
വീണുറങ്ങുന്നതും,
പന്ത്രണ്ടുശിഷ്യരില്‍
പ്രിയനാംയൂദയെന്‍
പ്രാണന്‍റെ വിലവാങ്ങി
മുത്തിപ്പിരിഞ്ഞതും
തളളിപ്പറഞ്ഞു പത്രോസു
തന്‍മുഖംരക്ഷിപ്പതിനു
ശ്രമിച്ചുനീങ്ങുന്നതുംകാണ്‍കെ-
യര്‍ഥമാകേണമീ ജീവിത-
മെന്നു വിലപിച്ചുനഗ്നപാദം
നിന്നിലേക്കുനടന്നുഞാന്‍.

വിചാരണയ്ക്കിടെ
ചോദ്യശരങ്ങളെന്നാകുല
ചിത്തത്തിലാഴ്ന്നിറങ്ങുമ്പൊഴും
ആരോഗ്യമുള്ളവര്‍ക്കല്ലവേണ്ടൂ
വൈദ്യമാതുരര്‍ക്കാണെ-
ന്നൊരുള്‍ബോധമെന്നില്‍
നിറഞ്ഞൂനിരന്തരം!

നിന്ദിതര്‍ക്കുംപീഡിതര്‍ക്കും
നിമിത്തമായ്‌നിന്നെധ്യാനിച്ചുഞാന്‍
നീട്ടിയോരുണ്മകള്‍,        
വാണിഭക്കാരെയുച്ചാടനംചെയ്തു
വൈദികമേധാവികള്‍ക്കുനേരെ
വിരല്‍ചൂണ്ടിയധിക്കാരം,
ദൈവപുത്രന്‍ക്രിസ്തു
ഞാന്‍തന്നെയെന്നുമൊഴി-
ഞ്ഞൊരെന്നാര്‍ജ്ജവമൊക്കെയും
തെറ്റുകളായെന്നി-
ലാരോപിച്ചു കൂടിയോര്‍,
മൃത്യുദണ്ഡനം മാത്രമിവനു
വിധിയെന്നു നിര്‍ദേശിക്കെ
നിര്‍ദയമോരോമിഴിയും
പതിഞ്ഞെന്നിലാരവാരങ്ങള്‍
മുഴങ്ങിപൂര്‍വാധികം.

നീയറിഞ്ഞുടയാട
കീറിയാക്രോശിച്ചു
മുഖ്യ പുരോഹിതനെന്‍റെമേല്‍
കുറ്റംവിധിച്ചതും,
സാക്ഷ്യങ്ങളെന്തിനുവേറിനി-   
യര്‍ഹനാണിവന്‍ ശിക്ഷ-
യേല്‍ക്കുവാനെന്നുശഠിച്ചതും
ക്രൂശിക്കുവാന്‍ കല്‍പിച്ചു
ക്രൂര വിധിയില്‍തപിച്ചൊരാള്‍
കൈകഴുകുന്നതും
കൈയ്‌പുനീരൂറ്റികുടിപ്പിച്ചു                       
കൈകെട്ടിയര്‍ത്ഥശാസ്ത്രങ്ങള്‍ക്കു    
മുന്നില്‍നിര്‍ത്തിച്ചതും
കല്പനയൊക്കെയനുസരിപ്പിക്കുവാ-
നംഗവസ്ത്രങ്ങളഴിപ്പിച്ചു
ചോപ്പുടുപ്പിച്ചതും.
കഷ്ടം! ഇയാള്‍ക്കീകിരീട-
മേറെയോജിക്കുമെന്നാര്‍ത്തു
മുള്‍മുടിവച്ചതും
മൂന്നാളെടുത്തു
വിഷമിച്ചൊരീകുരിശ്ശെന്‍റെ
തോളിലേറ്റിച്ചതും
എല്ലാമറിഞ്ഞുനീ;
എല്ലാമറിഞ്ഞുനീയെന്‍പിതാവേ,                     
കാല്‍വരിപ്പാതയില്‍  
കാലില്‍തടഞ്ഞകല്ലിനോടും
മുള്ളിനോടുംപറഞ്ഞുഞാന്‍ 
എല്ലാമറിഞ്ഞൊരാ-  
ളുണ്ടുമോളില്‍മൂക-
മെണ്ണിയിരിക്കുന്നവസാന
വിധിയുണ്ടുനിശ്ചയം!

ദാഹംകെടുത്തുവാന്‍
ചുണ്ടില്‍പകര്‍ന്നൊരീ-
യമ്ലലായനിയില്‍
സമാശ്വസിക്കട്ടെഞാന്‍
സത്യമൊരാവര്‍ത്തി
ദീര്‍ഘ നിശ്വാസമായ്‌,
സര്‍വ്വര്‍ക്കുമിപ്പോള്‍
പകുക്കുന്നുഞാനിതാ!

* ഏലീ–ഏലീ ലമ്മാ സബക്താനി