Wednesday, September 28, 2011

നിലാവില്‍ വിരിഞ്ഞ പൂവ്‌



പീതന്‍ കെ വയനാട്‌



അയ്യപ്പാ........
നീ  നിലാവില്‍  വിരിഞ്ഞ പൂവ്‌
നിശാശലഭങ്ങള്‍ക്ക്
നിന്‍റെ കണ്ണുനീര്‍
പകല്‍ മന്യന്മാര്‍ക്ക്
നിന്‍റെ ജഡം .
കാലുറക്കാത്ത നടത്തവും
വാക്കുറക്കാത്ത വര്‍ത്തമാനവുംകൊണ്ട് 
നീ നടന്ന വഴികളും
നീ പറഞ്ഞ വാക്കുകളും
വാഴ്ത്തപ്പെടുകയാണ്.
ഉള്ളിലെ ഉമിത്തീയില്‍
ജ്വലിക്കുന്ന ചിരട്ട കനലില്‍
നീ ഊതിക്കാച്ചിയ പൊന്നെല്ലാം
മിന്നിത്തിളങ്ങുകയാണ്.
നീ ഹ്യദയം വേവിച്
വെള്ളിതളികയില്‍ വച്ചവന്‍
പ്രോമിത്യുസിനെപോലെ
എല്ലാ പകലുകളിലും
കരള്‍ കഴുകനുപറിച്ചു കൊടുത്ത്
രാവിലതു വീണ്ടും  മുളയ്ക്കെ 
അടുത്ത പകലിനു വേണ്ടി
കരുതി വച്ചവന്‍.
ജലംവാര്‍ന്ന  ചില്ലുപെട്ടിയില്‍
ശ്വാസം മുട്ടി മരിച്ച
മത്സ്യത്തെ പോലെ കിടന്ന്,
അലക്കി തേച്ച
ആടകളണിഞ്ഞവരുടെ
ആദരാഞ്ജലികള്‍,
അവരുടെ  കല്ലേറു കൊണ്ട് 
മുമ്പേ കണ്ണുപോയ
മുടന്തന്‍ ആട്ടിന്‍കുട്ടീ .....
നീയാഗ്രഹിചിരുന്നോ?
പ്രണയിനിയെ,
പെങ്ങളിലയായ്‌ പ്രതീഷിച്
ഏതു വൃക്ഷതലപ്പിലാവോ
നീയിനിയിലയായ് പിറക്കുക?
മുള്ളുകള്‍,
അക്ഷര ശരമായ്‌ തൊടുക്കുവാന്‍
മുരളുന്ന വണ്ടിന്
നെഞ്ചിലെ തേനൂറ്റി നല്‍കിയ
നീ നിലാവില്‍ വിരിഞ്ഞ പൂവ്‌
നിശാശലഭങ്ങള്‍ക്ക്
നിന്‍റെ കണ്ണുനീര്‍
പകല്‍ മന്യന്മാര്‍ക്ക്
നിന്‍റെ ജഡം!
-----------------------------------------------------------------------

No comments:

Post a Comment